
തിരുവനന്തപുരം: വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയം. ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ സമരവുമായി മുന്നോട്ടുപോകുകയാണെന്ന് ആശ വര്‍ക്കര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നാളെ മുതല്‍ നിരാഹാര സമരം നടത്താനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം.
നേരത്തെ എന്‍എച്ച്എം ഡയറക്ടറുമായി ആശ വര്‍ക്കര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയമായതോടെയാണ് ആശ വര്‍ക്കര്‍മാരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തിയത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ലെന്നാണ് ആശ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. 'സര്‍ക്കാര്‍ കൂടെയുണ്ട്, കേന്ദ്രത്തോട് ചര്‍ച്ച ചെയ്യാം, തിരിച്ചു പോകണം' എന്നാണ് പറയുന്നത്. ഉപദേശം മാത്രമേയുള്ളൂ. സമരം നിര്‍ത്തി പോകണം എന്നാണ് പറഞ്ഞതെന്നും മിനി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ച നടത്തി എന്ന് വരുത്തി തീര്‍ക്കുകയാണ്. പേരിന് ഒരു ചര്‍ച്ച നടന്നു. സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും മിനി വ്യക്തമാക്കി.
സമരസമിതിയുമായി ഇത് രണ്ടാം തവണയാണ് ചര്‍ച്ച നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചു. ഓണറേറിയം സംസ്ഥാന സര്‍ക്കാരും ഇന്‍സന്റീവ് കേന്ദ്രവുമാണ് നല്‍കുന്നത്. പത്ത് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഓണറേറിയം നല്‍കിയിരുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു. നല്ല പ്രവര്‍ത്തന സാഹചര്യം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആകെ ഇരുപത്തി ആറായിരത്തോളം ആശമാരുണ്ട്. അതില്‍ സമരം ചെയ്യുന്നത് നാന്നൂറോളം ആശമാര്‍ മാത്രമാണ്. ചിലര്‍ തെറ്റായ പ്രചരണം നടത്തുകയാണ്. കേരളത്തില്‍ മാത്രമാണ് കൂടുതല്‍ ജോലി എന്നാണ് പ്രചരണം. ദേശീയ ഗൈഡ്‌ലൈന്‍ അനുസരിച്ചാണ് കേരത്തില്‍ ജോലിയെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights- Asha workers will continue strike against government