
തൊടുപുഴ:തൊടുപുഴ നഗരസഭയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ടിഎസ് രാജന്‍, സി ജിതേഷ്, ജിഷാ ബിനു, കവിത വേണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നഗരസഭയില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സണിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് യുഡിഎഫിന്റെ അവിശ്വാസം പാസായത്. ഇതോടെ എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്തായി.
നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 പേര്‍ അവിശ്വാസത്തെ എതിര്‍ത്തു. ആകെ എട്ട് കൗണ്‍സിലര്‍മാരാണ് ബിജെപിയ്ക്കുള്ളത്. ഇവര്‍ക്കെല്ലാം വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ച് നാല് പേര്‍ യുഡിഎഫിന് അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ബിജെപിയിലെ ഭിന്നതയും പുറത്തുവന്നു. എട്ടു ബിജെപി കൗണ്‍സിലര്‍മാരില്‍ മൂന്ന് പേര്‍ വിപ്പ് അനുസരിച്ച് ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിച്ചു. ഒരാള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് ചെയ്തില്ല.
നഗരസഭ അധ്യക്ഷക്കെതിരെ 14 അംഗങ്ങള്‍ ഒപ്പിട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ആറുമാസം മുമ്പ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും മുസ്ലിം ലീഗ് എതിര്‍ത്തതോടെ പ്രമേയം പാസാക്കാനായിരുന്നില്ല.
Content Highlights: BJP suspends four councilors of Thodupuzha Municipality