റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കർമ്മ സമിതി രൂപീകരണം; സർക്കാരിനോട് ഹൈക്കോടതി

നിയമ സേവന അതോറിറ്റിയുടെ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ അംഗീകരിച്ചില്ല

dot image

കൊച്ചി: റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കർമ്മ സമിതി അടിയന്തിരമായി രൂപീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കർമ്മ സമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. നിയമ സേവന അതോറിറ്റിയുടെ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ അംഗീകരിച്ചില്ല.

സർക്കാർ രൂപീകരിക്കുന്ന കർമ്മ സമിതിക്ക് മുന്നിൽ വിശദാംശങ്ങൾ നൽകാനും അപേക്ഷകർക്ക് നിർദ്ദേശം നൽകി. പൊതുതാൽപര്യ ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

നിലവിലുള്ള റാഗിംഗ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഉയരുന്ന റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണ്. റാഗിംഗ് വിരുദ്ധ നിയമത്തിന് കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും ഡിവിഷന്‍ ബെഞ്ച് നല്‍കിയിരുന്നു. യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. റാഗിംഗ് വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതിന് കര്‍മ്മ സമിതി രൂപീകരിച്ച് പഠനം നടത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Content Highlights: High Court asks government to form task force to reform anti-ragging law

dot image
To advertise here,contact us
dot image