ഷിബിലയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവ്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്

dot image

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി ഉപയോഗിച്ച യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.

ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നാണ് വിവരം. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് യാസര്‍ പൊലീസിനോട് പറഞ്ഞത്. ഷിബിലയെ യാസര്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

സ്നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. വീട്ടുകാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരി മകളുമായി സ്വന്തം വീട്ടിലായിരുന്നു ഷിബില താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് യാസറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Content Highlights: Kozhikode shibilas death due to deep wound in Neck postmortem Report

dot image
To advertise here,contact us
dot image