
കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു.
ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.
കൊലയ്ക്ക് ശേഷം കാറുമായി കടന്ന പ്രതി എസ്റ്റേറ്റ് മുക്കിലുള്ള പെട്രോള്‍ പമ്പില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം പ്രതി പണം നല്‍കാതെ കടന്നുകളഞ്ഞിരുന്നു. പ്രതി കോഴിക്കോട് വിട്ടുപോകില്ല എന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
സ്‌നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. വീട്ടുകാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസിര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരി മകളുമായി സ്വന്തം വീട്ടിലായിരുന്നു ഷിബില താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് യാസിറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ഷിബിലയുടെ വസ്ത്രങ്ങള്‍ കത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം യാസിര്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിന് ശേഷമാണ് ഷിബിലയുടെ വീട്ടിലെത്തി ഇയാള്‍ അരുംകൊല നടത്തിയത്. താമശ്ശേരിയില്‍ മാതാവിനെ വെട്ടിക്കൊന്ന ആഷിക്കും യാസിറും സുഹൃത്തുക്കളാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. ആഷിക്ക് ലഹരിക്ക് അടിമയായിരുന്നു.
Content Highlights-Man who killed wife in thamarassery captured by police