
കൊച്ചി : ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജാമ്യാപേക്ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസുകളില്‍ പ്രതികളായ ഉന്നതര്‍ നല്‍കുന്ന ജാമ്യാപേക്ഷ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. ജയിലിലേക്ക് പോകുന്നതിന് പകരം ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് പോകുന്നത് ആസ്വദിക്കുകയാണ് പല പ്രതികളും എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രോസിക്യൂഷനും കൂടി അറിയിച്ചാല്‍ മാത്രം ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം നല്‍കണമെന്ന വാദം പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത് എടുത്തുപറഞ്ഞാണ് ഹൈക്കോടതി വിമർശിച്ചത്.
പാതിവില തട്ടിപ്പ് കേസ് പ്രതി കെ എന്‍ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കെ എന്‍ ആനന്ദ് കുമാറും ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിശദമായ വാദം കേള്‍ക്കും.
Content highlights : 'Part of bailout medical tourism by elites'; Criticized by the High Court