
തിരുവനന്തപുരം: കല്ലറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലഹരി ഉപയോഗിച്ച യുവാക്കൾ നടത്തിയ പരാക്രമത്തിൽ പ്രതികരണവുമായി ഡോക്ടർ. ആക്രമണത്തിൽ ഭയന്ന് പോയെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഹേമ റിപ്പോർട്ടറിനോട് പറഞ്ഞു. ആക്രമണം നടത്തിയ രണ്ട് പേരും മദ്യപിച്ചിരുന്നു. കത്രികയുമായി കുത്താൻ ഓടിച്ച സമയം റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നുവെന്നും ഓടി രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ താൻ മറ്റൊരു വന്ദനാദാസ് ആയേനെയെന്നും ഡോക്ടർ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഡോക്ടർ വ്യക്തമാക്കി.
കല്ലറ പറട്ടയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു ആക്രമണം നടന്നത്. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു യുവാക്കള്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ആശുപത്രി ജീവനക്കാര്‍ക്ക് നേരെ ലഹരിയിലായിരുന്ന ഇരുവരും കത്തി വീശുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ ഇറങ്ങിയോടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഇതിനിടെ യുവാക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസിനേയും യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ പരിശ്രമിച്ചാണ് പൊലീസ് സംഘം യുവാക്കളെ കീഴ്‌പ്പെടുത്തിയത്.
Content Highlights :Violence by youth at community health center; 'If I hadn't run away, I would have become another Vandana Das'; Doctor