
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, തുറമുഖത്തെ ബാലരാമപുരം റെയിൽവെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടി(DPR)ന് മന്ത്രിസഭായോഗം അനുമതി നൽകി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുൻപായി റെയിൽ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.
മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്താനും ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകും.
ജില്ലാതല യോഗങ്ങൾ
ഏപ്രിൽ 21 - കാസർഗോഡ്
ഏപ്രിൽ 22 - വയനാട്
ഏപ്രിൽ 24 - പത്തനംതിട്ട
ഏപ്രിൽ 28 - ഇടുക്കി
ഏപ്രിൽ 29 - കോട്ടയം
മെയ് 5 - പാലക്കാട്
മെയ് 6 - കൊല്ലം
മെയ് 7 - എറണാകുളം
മെയ് 12 - മലപ്പുറം
മെയ് 13 - കോഴിക്കോട്
മെയ് 14 - കണ്ണൂർ
മെയ് 19 - ആലപ്പുഴ
മെയ് 20 - തൃശ്ശൂർ
മെയ് 21 - തിരുവനന്തപുരം
ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് & ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും.
Content Highlights: Vizhinjam Port DPR for underground railway approved