
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര നടയിലെ തുളസിത്തറയെ അവഹേളിച്ചെന്ന കേസില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസെടുക്കാത്തതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെ ഹോട്ടല്‍ ഉടമ അബ്ദുല്‍ ഹക്കിമിനെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. തുളസിത്തറയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.
അബ്ദുള്‍ ഹക്കീം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന പൊലീസ് വാദം ഹൈക്കോടതി അംഗീകരിച്ചില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ക്ക് എങ്ങനെ ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. അബ്ദുള്‍ ഹക്കിമിന് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെന്ന് ഹര്‍ജിക്കാരനായ ശ്രീരാജ് കൈമള്‍ ഹൈക്കോടതിയെ അറിയിച്ചു.
മാനസിക പ്രശ്നമുള്ളയാള്‍ക്ക് എങ്ങനെ ലൈസന്‍സ് കൈവശം വയ്ക്കാനാവുമെന്നും വാഹനം ഓടിക്കാന്‍ അനുമതിയുണ്ട് എന്ന കാര്യം പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അബ്ദുള്‍ ഹക്കിമിന്റെ പ്രവര്‍ത്തി ഹൈന്ദവ വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
Content Highlights: High Court criticizes police For not registering case in desecrating Thulasithara in Guruvayur