
മലപ്പുറം; മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി. തുവ്വൂരിലെ ഗ്യാലക്സി ക്ലബ്ബ് അംഗങ്ങള്‍ക്ക് നേരെയാണ് ലഹരി സംഘത്തിന്റെ കൊലവിളി. പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. ഫോണില്‍ വിളിച്ചുള്ള ഭീഷണിയുടെ ശബ്ദരേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരില്‍ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങള്‍ പിടികൂടിയത്. ഷെഫീഖ്, അജ്മല്‍, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങള്‍ പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളില്‍ ഒരാള്‍ ക്ലബ്ബ് അംഗങ്ങളില്‍ ഓരാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
'നിന്റെ കഷ്ടകാലം തുടങ്ങിയെന്നും ഈ പറയുന്നത് റെക്കോര്‍ഡ് ചെയ്ത് വെച്ചോ' എന്നും ഇയാള്‍ ഭീഷണി മുഴക്കി. തുവ്വൂരില്‍ നിനക്ക് എന്ത് അവാര്‍ഡ് കിട്ടിയാലും പഞ്ഞിക്കിടും. വീട്ടില്‍ കയറി തല്ലും. കൊല്ലാന്‍ അറിയാം. ഭാര്യ സൗദിയിലാണെന്ന് അറിയാമെന്നും അവരെ അവിടെ നിന്ന് പൊക്കാനുള്ള വഴിയുണ്ടെന്നും ഇയാള്‍ പറയുന്നു. ഫോണ്‍ സംഭാഷണത്തിലുടനീളം ഭീഷണിക്ക് പുറമേ അസഭ്യവാക്കുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്.
Content Highlights- Accused who captured with cannabis threatened club members in malappuram