
കണ്ണൂര്‍: പയ്യന്നൂര്‍ കൈതപ്രത്തെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് സന്തോഷ് കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പൊലീസ് വിശദമായി അന്വേഷിക്കും.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. തോക്കിന് ലൈസന്‍സ് ഉള്ളതായാണ് സൂചന. ഇന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഇരിക്കൂര്‍ കല്യാട് സ്വദേശി രാധാകൃഷ്ണനെ പെരുംമ്പടവ് സ്വദേശി സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തിയത്. രാധാകൃഷ്ണന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍വെച്ചായിരുന്നു കൊല നടന്നത്. പോയിന്റ് ബ്ലാങ്കിലാണ് സന്തോഷ് ഷൂട്ട് ചെയ്തത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തോക്ക് ചൂണ്ടിയുള്ള ഒരു ചിത്രവും ഇയാള്‍ പങ്കുവെച്ചിരുന്നു.
Content Highlights- Murder of kannur native man rashakrishnan was planned says police