
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരം ലക്ഷ്യം വെക്കുന്നത് എന്താണെന്ന് തങ്ങൾക്ക് നല്ല ധാരണയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആശമാർക്ക് സമരം നടത്താനുള്ള അവകാശമുണ്ട്. സമരക്കാർ പിരിഞ്ഞു പോകണമെന്ന് ആരും പറഞ്ഞിട്ടില്ല. സമരം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് സിപിഐഎമ്മിന് ധാരണയുണ്ട്. സർക്കാർ വിരുദ്ധ സമരമാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇതിനായി ഒരു മഴവിൽ സഖ്യം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. എസ്‌യുസിഐയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും എല്ലാം ചേർന്നുള്ള സഖ്യമാണതെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വീണ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിയെ സന്ദർശിക്കാൻ പോയെന്നതിലും എം വി ഗോവിന്ദൻ വിശദീകരണം നൽകി. വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച നടത്താനല്ല പോയത്. ക്യൂബൻ പ്രതിനിധി സംഘത്തിൻ്റെ മീറ്റിംഗിന് പോയതാണ്. പോയ ഉദ്ദേശത്തിന് ഒപ്പം ഇതുംകൂടി ചേർത്തു. വാർത്ത നിങ്ങൾ മുന്നേ കൊടുത്തു. പോകുന്നതിന് തലേദിവസം തന്നെ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനുള്ള അനുവാദം ചോദിച്ചിരുന്നു. കാണാൻ തയ്യാറാകാത്ത കേന്ദ്രമന്ത്രിയെക്കുറിച്ച് ഒരു വിമർശനവും ഇല്ല. മാധ്യമങ്ങളുടെ നിലവാരം കുറഞ്ഞു പോകുന്നുവെന്നും എം വി ഗോവിന്ദൻ കൂട്ടി ചേർത്തു.
സിപിഐഎമ്മിൻ്റെ ആസ്ഥാന മന്ദിരത്തിൻ്റെ പണി പൂർത്തിയായി വരികയാണെന്നും പുതിയ മന്ദിരത്തിനും എകെജി സെൻ്റർ എന്നു തന്നൊണ് പേരെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ' ഏപ്രിൽ 23ന് മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ദിരത്തിന് 9 നിലകളും, 2 പാർക്കിങ് ഏരിയകളും ഉണ്ട്. നിലവിലെ എകെജി സെൻ്റർ എകെജി പഠന ഗവേഷണ കേന്ദ്രമാക്കും. നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. ഇതിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് വേണ്ടിയുള്ള ഓഫീസുകളും ഉണ്ട്. ഇത് കൂടാതെ പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കും അത്യാവശ്യം താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.' എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
വരുന്ന 31-ാം തീയതിക്ക് കേരളം മാലിന്യമുക്തമാക്കുമെന്നും മാലിന്യം സംസ്കരിക്കുന്നതിനു വേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയാണ് മാലിന്യ മുക്ത കേരളം. ഇതിനായി ബ്രാഞ്ച് തലം മുതൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനം മാലിന്യമുക്തമാക്കുന്നത് ജനകീയ മുന്നേറ്റം സൃഷ്ടിക്കുമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
സർക്കാരിൻ്റെ നാലാം വാർഷികാഘോഷം വരാനിരിക്കെ സർക്കാർ ഏറ്റവും ജനകീയമായി നടത്താനാണ് ആലോചന നടത്തുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് എല്ലാ ജില്ലകളിലും വലിയ ജനകീയ പങ്കാളിത്തത്തോടെ റാലികൾ സംഘടിപ്പിക്കുമെന്നും അത്
വിജയിപ്പിക്കാനായി ജനങ്ങൾ കൂടെയുണ്ടാവണമെന്നും എം വി ഗോവിന്ദൻ അഭ്യർത്ഥിച്ചു.
Content Highlights- 'Rainbow alliance is rising against the government using the struggle of Ashas'; MV Govindan