
തിരുവനന്തപുരം: സർപ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടൊവിനോ തോമസ് പങ്കുചേർന്നു. ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്കരിച്ച ആപ്പാണ് സർപ്പ ആപ്പ്. ബ്രാൻഡ് അംബാസിഡറായി പങ്കു ചേർന്ന ടൊവിനോയ്ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. 'സർപ്പ' യ്ക്ക് കൂടുതൽ പ്രചാരം നൽകാൻ ക്യാമ്പയിനിൽ പങ്കാളികൾ ആവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർപ്പ ആപ്പിൻ്റെ ഭാഗമായി ടൊവിനോ തോമസ് പങ്കാളിയായ പ്രചാരണ വീഡിയോ പങ്കുവെച്ച ഫോസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞു. ഈ കാലയളവിനുള്ളിൽ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തിൽ സർപ്പയുടെ ബ്രാൻ്റ് അംബാസഡറായി പങ്കു ചേർന്ന ടൊവിനോ തോമസിന് നന്ദി. സർപ്പയ്ക്ക് കൂടുതൽ പ്രചാരം നൽകാനും പാമ്പുകടിയിൽ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ഈ ക്യാമ്പെയ്നിൽ ഏവരും പങ്കു ചേരുക. ഒരുമിച്ച് ഈ പദ്ധതിയെ കൂടുതൽ മികവിലേയ്ക്ക് നയിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Content Highlights: Tovino Thomas appointed as Sarpa App brand ambassador Chief Minister thanks him