മൂന്നുവയസ്സുകാരന്റെ മരണം; സിയാലിനെ സംരക്ഷിച്ച് പൊലീസ്, കോണ്‍ട്രാക്ടർമാരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും

കേസില്‍ സിയാല്‍ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു

dot image

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നുവയസ്സുകാരന്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ സിയാലിനെ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) സംരക്ഷിച്ച് പൊലീസ്. കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കോണ്‍ട്രാക്ടര്‍മാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. മാലിന്യക്കുഴി അലക്ഷ്യമായി തുറന്നിട്ടതിന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേസില്‍ സിയാല്‍ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മാലിന്യക്കുഴിക്ക് ചുറ്റും ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും കോണ്‍ട്രാക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സിയാലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കോണ്‍ട്രാക്ടര്‍മാരെ മാത്രം പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്.

വിമാനത്താവളത്തിലെ കഫേയ്ക്ക് പുറത്തുള്ള മാലിന്യക്കുഴിയില്‍ വീണായിരുന്നു മൂന്ന് വയസ്സുകാരനായ റിഥാന്‍ മരിച്ചത്. രാജസ്ഥാനില്‍ നിന്നും മൂന്നാറില്‍ വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തിലായിരുന്നു റിഥാന്‍. ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുറത്തെത്തി ടൂര്‍ ഏജന്‍സിക്കായി കാത്തിരിക്കുന്നതിനിടെയാണ് ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം. നാലുവയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് റിഥാന്‍ കുഴിയിലേക്ക് വീണത്. കുട്ടിയെ കാണാതായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മാലിന്യക്കുഴിയില്‍ വീണതായി കണ്ടെത്തിയത്. ഉടനെ പുറത്തെത്തിച്ചെങ്കിലും ശ്വാസ തടസം മൂലം കുട്ടി മരിക്കുകയായിരുന്നു.

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായതെന്നായിരുന്നു സിയാലിന്റെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും തുടര്‍ നടപടികള്‍ക്ക് കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും സിയാല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Death of a three-year-old boy Police protecting CIAL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us