സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്തു, എങ്ങനെ ശത്രുവാകും;കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ ബാനറിൽ ഗവർണർ

We need Chancellor not Savarkar എന്ന ബാനറിലാണ് ഗവര്‍ണറുടെ പ്രതികരണം

dot image

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന്‍റെ ശത്രു ആകുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. സവര്‍ക്കര്‍ എന്താണ് ചെയ്തതെന്നും ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. We need Chancellor not Savarkar എന്ന ബാനറിലാണ് ഗവര്‍ണറുടെ പ്രതികരണം.

'സര്‍വകലാശാലയിലേക്ക് കയറിയപ്പോള്‍ പോസ്റ്റര്‍ കണ്ടു. എന്ത് ചിന്തയാണിത്? സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നത് ? മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് സവര്‍ക്കര്‍. വീടിനെയോ, വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എല്ലാ കാലത്തും ചിന്തിച്ചത്', ആര്‍ലേക്കര്‍ പറഞ്ഞു.

ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയിരിക്കുന്നുവെന്നും എന്തു വേണമെങ്കിലും ചോദിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിനു നേട്ടം ഉണ്ടാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം 'Say no to drugs’ എന്ന മേൽവസ്ത്രം ധരിച്ചാണ് ഗവർണർ സർവകലാശാലയിൽ എത്തിയത്. ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാറിനോടൊപ്പമാണെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയെ അത് അറിയിച്ചിട്ടുണ്ടെന്നും നല്ല ഭാവിക്കായി ലഹരിയിൽ നിന്നും തലമുറകളെ രക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനു വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ആർലേക്കർ ആഹ്വാനം ചെയ്തു.

Content Highlights: Governor Rajendra Arlekar asked how Savarkar become enemy of India

dot image
To advertise here,contact us
dot image