
കൊച്ചി: എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിൽ ഇട്ട് ചൂടാക്കി പൊട്ടിത്തെറിച്ച സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. എആർ ക്യാമ്പ് കമാൻഡന്റാണ് റിപ്പോർട്ട് കൈമാറിയത്. പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ക്ലാവ് പിടിച്ച വെടിയുണ്ട വൃത്തിയാക്കാൻ ചട്ടിയിലിട്ട് ചൂടാക്കിയതോടെയായിരുന്നു സ്ഫോടനമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആചാരവെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്ത് വച്ച് ചൂടാക്കിയ ശേഷമാണ് ഉപയോഗിക്കാറ്. എന്നാൽ ഈ മാസം പത്തിന് സംസ്കാര ചടങ്ങിലെ ഔദ്യോഗിക ബഹുമതിക്ക് മുന്നോടിയായി വെടിയുണ്ടകൾ ചൂടാക്കി വെച്ചിരുന്നില്ല. പെട്ടന്ന് ചൂടാക്കിയെടുക്കാനാണ് ഉദ്യോഗസ്ഥൻ തിരകൾ ക്യാംപിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ട് വറുത്തതെന്ന് റിപ്പോർട്ടിലുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ സി വി സജീവിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം എ ആര്‍ ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഈ മാസം പത്തിന് ഉണ്ടകള്‍ എടുത്തപ്പോഴായിരുന്നു സംഭവം.
Content Highlights: Report Submited against Police Officer for frying bullet in a pan at ernakulam