
കൊച്ചി: അനായാസമായി മലയാളം സംസാരിക്കുന്ന ജർമ്മൻ വനിതയെ കണ്ട് ഞെട്ടിയ ഒരു ഊബർ ഡ്രൈവറുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ക്ലാര എന്ന ജർമ്മൻ വനിതയാണ് മലയാളം അനായാസം സംസാരിച്ച് ശ്രദ്ധ നേടുന്നത്. ക്യാബ് ഡ്രൈവറുമായി സംസാരിക്കുന്ന വീഡിയോ ക്ലാര തന്നെയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് മുൻപ് മലയാളം സംസാരിക്കുന്ന വിദേശികളെ കണ്ടിട്ടില്ലേ എന്ന് വീഡിയോയിൽ ക്ലാര ചോദിക്കുന്നതായി കാണാം എന്നാൽ ഇല്ലായെന്നായിരുന്നു ക്യാബ് ഡ്രൈവറുടെ മറുപടി. എങ്ങനെയാണ് മലയാളം പഠിച്ചതെന്ന ചോദ്യത്തിന് തനിക്ക് മലയാളി സുഹ്യത്തുക്കൾ ജർമ്മനിയിൽ ഉണ്ടെന്നും അങ്ങെയാണ് താൻ മലയാളം പഠിക്കാനാരംഭിച്ചതെന്നും യുവതി ഉത്തരം നൽകുന്നു. താനിപ്പോൾ പഠിക്കാൻ തുടങ്ങിയിട്ട് 5 വർഷമായെന്നും ഓൺലൈൻ പിഡിഎഫ് ഉപയോഗിച്ച് താൻ ഇപ്പോഴും മലയാളം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ക്ലാര വിഡിയോയിൽ പറയുന്നുണ്ട്.
കേരള ക്ലാര എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ക്ലാര മലയാളത്തിലുള്ള വീഡിയോകൾ പങ്കുവെക്കാറുണ്ട്. വീഡിയോയുടെ താഴെ നിരവധി പേരാണ് ക്ലാരയുടെ ഉച്ചാരണ ശുദ്ധിയെയും ഭാഷ പഠിക്കാനുള്ള ആഗ്രഹത്തേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights- Uber driver shocked by German woman who speaks Malayalam fluently