മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെയുണ്ടായ സംഘർഷം; ഏഴ് പേർ പിടിയിൽ

ഉത്സവത്തിനിടെ വെടിവെച്ച യുവാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല

dot image

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ ഏഴ് പേർ പിടിയിൽ. പാണ്ടിക്കാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊടശ്ശേരി സ്വദേശികളായ തോരൻ സുനീർ, ആനക്കോട്ടിൽ വീട്ടിൽ വിജു, തോട്ടുങ്ങൽ അരുൺ പ്രസാദ്, ചുള്ളിക്കുളവൻ ഷംനാൻ, ചെമ്പ്രശ്ശേരി സ്വദേശി ബൈജു , കൊടശ്ശേരി സ്വദേശികളായ കാരക്കാടൻ സനൂപ്, ആനക്കോട്ടിൽ സുമിത്ത് എന്നിവരാണ് പിടിയിലായത്. എന്നാൽ ഉത്സവത്തിനിടെ വെടിവെച്ച യുവാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ച നടന്ന ഉത്സവത്തിൽ കൊടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുഖ്മാന് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ലുഖ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘർഷമെന്നാണ് വിവരം.

അതേ സമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘർഷം. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച്ച രാത്രി നടന്ന ഉത്സവത്തിലും സംഘർഷമുണ്ടായത്. പെപ്പർ സ്‌പ്രേയും എയർ ഗണ്ണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

Content highlights : Clashes during Pandikkad temple festival in Malappuram; Seven people arrested

dot image
To advertise here,contact us
dot image