രാജീവ് ചന്ദ്രശേഖർ വരട്ടെ, പ്രവർത്തിക്കട്ടെ; ബിജെപിയെ വളർത്താൻ ആര് വിചാരിച്ചാലും നടക്കില്ലെന്ന് ഇ പി ജയരാജൻ

'രാജീവ് ചന്ദ്രശേഖർ വരട്ടെ. പ്രവര്‍ത്തിക്കട്ടെ, എന്നിട്ട് അഭിപ്രായം പറയാം'

dot image

കൊച്ചി: ബിജെപിക്കാര്‍ക്ക് കേരളത്തെ അറിയില്ലെന്നും അവര്‍ക്ക് കേരളത്തിന്റെ രാഷ്ട്രീയ അനുഭവം എന്താണുള്ളതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

'ബിജെപിയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ആര്‍എസ്എസ് നയിക്കുന്ന സംഘടനയാണ് ബിജെപി. ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണ്. ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഘടനയാണ്. ബിജെപി കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായിട്ടുള്ള നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മൂന്നരക്കോടി മലയാളികളോട് കാണിക്കുന്ന ക്രൂരതയ്ക്ക് എതിരായി ശബ്ദിക്കാന്‍ ബിജെപിക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. അതിനാല്‍ കേരളസമൂഹത്തില്‍ ബിജെപി ഒറ്റപ്പെടും. ബിജെപിക്ക് കേരളജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല', ഇ പി ജയരാജന്‍ പറഞ്ഞു.

ബിജെപിയെ വളര്‍ത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടാവും. അതുപോലെ തകര്‍ച്ചയും നാശവും ഉണ്ടാവും. ഇന്ത്യയിലെ ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ വരട്ടെ. പ്രവര്‍ത്തിക്കട്ടെ, എന്നിട്ട് അഭിപ്രായം പറയാം. സുരേന്ദ്രന്‍ പ്രസിഡന്റാവുമെന്നാണ് ഇന്നലെ വരെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇന്ന് സുരേന്ദ്രനെ മാറ്റി. പലരും കുപ്പായം ഇട്ട് നടന്നതാണ്. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ബിജെപിക്കകത്ത് ശക്തിപ്പെടാനുള്ള സാധ്യത കാണുന്നു. ബിജെപിക്കാര്‍ക്ക് കേരളത്തെ അറിയില്ല. അവര്‍ക്ക് കേരളത്തിന്റെ രാഷ്ട്രീയ അനുഭവം എന്താണുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അനുഭവം ഇല്ലാത്ത പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: E P Jayarajan over Rajeev Chandrasekhar bjp post

dot image
To advertise here,contact us
dot image