
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ പ്രവർത്തിച്ച മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വം ആണെന്ന് അനിൽ അന്റണി. കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ നല്ലൊരു മുഹൂർത്തമാണ്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും പാർട്ടി നന്നായി തന്നെ വളർന്നിരുന്നു. എൻഡിഎ സർക്കാരിൻ്റെ കീഴിൽ രാജ്യം നന്നായി പോകുന്നുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.
കേരളത്തിൽ ഒരു ഡബിൾ എൻജിൻ സർക്കാരിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാനം ആകെ കടക്കെണിയിൽ ആണെന്നും എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് ദുരിതമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്.
Content Highlights :Anil Antony says now is a good time for BJP in Kerala