ബിജെപി പ്രവർത്തകൻ സൂരജിൻ്റെ കൊലപാതകം; സിപിഐഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം

11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

dot image

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം പ്രവ‍ർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം. 11-ാം പ്രതിക്ക് 3 വർഷം തടവ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് മുതൽ ആറ് വരെ പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ ഏഴ് മുതൽ ഒൻപത് വരെ പ്രതികൾക്കുമാണ് ജീവപര്യന്തം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവ്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി ടി കെ രജീഷ്, മൂന്നാം പ്രതി എൻ വി യോഗേഷ്, നാലാം പ്രതി കെ ഷംജിത്ത്, അഞ്ചാം പ്രതി മനോരാജ് നാരായണൻ, അറാം പ്രതി സജീവൻ, ​ഗൂഢാലോചനയിൽ പങ്കാളികളായ ഏഴാം പ്രതി പ്രഭാകരൻ, എട്ടാം പ്രതി പത്മനാഭൻ, ഒമ്പതാം പ്രതി രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. കേസിലെ 11-ാം പ്രതി പ്രദീപന് 3 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

കേസിലെ 12 പ്രതികളിൽ 9 പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ കോടതി വെറുതെ വിട്ടിരുന്നു കേസിലെ മറ്റ് രണ്ടു പ്രതികൾ വിചാരണവേളയിൽ മരിച്ചിരുന്നു. കണ്ണൂരിൽ ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ നിരപരാധികളാണെന്ന് കഴിഞ്ഞ ദിവസം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു. ടി കെ രജീഷ് ഉൾപ്പെടെയുള്ളവരെ മനപൂർവ്വം പ്രതി ചേർത്തതാണെന്നും നിരപരാധികളെ ശിക്ഷിച്ചാൽ അപ്പീൽ നൽകുമെന്നും ജയരാജൻ പറഞ്ഞിരുന്നു. എല്ലാവരും നിരപരാധികൾ ആണെന്നാണ് പാർട്ടി നിലപാട് എന്നും എം വി ജയരാജൻ കൂട്ടിച്ചേ‍ർത്തിരുന്നു.

2005 ഒക്ടോബർ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇതിന് ആറ് മാസം മുൻപും സൂരജിനെ കൊല്ലാൻ ശ്രമം നടന്നിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതിന് ശേഷം സൂരജ് ആറ് മാസം കിടപ്പിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴായിരുന്നു സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. തുടക്കത്തിൽ പത്ത് പേർക്കെതിരെയായിരുന്നു കേസ്. ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പിന്നീട് പ്രതി ചേർക്കുകയായിരുന്നു.

Content Highlights:BJP worker Sooraj murder Eight accused sentenced to life imprisonment

dot image
To advertise here,contact us
dot image