കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല

പ്രതികളെ സാക്ഷികളാക്കാൻ തീരുമാനം

dot image

കളമശ്ശേരി: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല. നിലവിൽ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്.
പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സർവകലാശാല വിഭാ​ഗം റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് ഡയറക്ട്ർ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാൻ സാധിക്കുമായിരുന്നു എന്ന നി​ഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നിൽക്കുന്നത്.

കഞ്ചാവ് വേട്ടയിൽ അന്വേഷണത്തിന്റെ ഭാ​ഗമായി അധ്യാപകരുടെയും പ്രതികളായ വിദ്യാർത്ഥികളുടെയും മൊഴിയെടുത്തിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുൻപ് തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെന്നായിരുന്നു കോളേജ് അധികൃതർ നൽകിയിരുന്ന മൊഴി.

നേരത്തെ പോളിടെക്നിക്കിലെ പ്രിൻസിപ്പൽ പൊലീസിന് നൽകിയ കത്താണ് ഈ കേസിൽ ഏറ്റവും നിർണായകമായത്. ക്യാംപസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്‌നിക്കിലെ പ്രിൻസിപ്പൽ പൊലീസിന് കത്ത് നൽകിയിരുന്നു. മാർച്ച് 12നായിരുന്നു പ്രിൻസിപ്പൽ കത്ത് നൽകിയത്. ലഹരിക്കായി ക്യാംപസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിർണായക നീക്കം നടത്തിയത്. പ്രിൻസിപ്പലിൻ്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.

Content Highlights :Cannabis raid at Kalamassery Polytechnic; Students who paid to buy cannabis will not be held accountable

dot image
To advertise here,contact us
dot image