
തിരുവനന്തപുരം: എസ്‌യുസിഐ നേതൃത്വത്തിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐഎൻടിയുസി. ഓണറേറിയം വർദ്ധിപ്പിക്കുക അല്ല വേണ്ടത്, ശമ്പളമാണ് വേണ്ടതെന്നാണ് നിലപാടെന്നും ലേഖനത്തിൽ ഐഎൻടിയുസി വ്യക്തമാക്കുന്നുണ്ട്. ഐഎൻടിയുസി മുഖമാസികയായ 'ഇന്ത്യൻ തൊഴിലാളി'യിലെ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐഎൻടിയുസി യങ്ങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റും കെപിസിസി നയരൂപീകരണ-ഗവേഷണ വിഭാഗം യൂത്ത് കൺവീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയിരിക്കുന്നത്. ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വർക്കർമാർക്ക് വേണ്ടത് സ്ഥിര വേതനം എന്ന തലക്കെട്ടിലാണ് ലേഖനം അച്ചടിച്ചിരിക്കുന്നത്.
'ആശ തൊഴിലാളികൾക്ക് ഓണറേറിയം വർദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആ സമരം നടന്നുവരുന്നത്. ഓണറേറിയം എന്ന വാക്കിൻ്റെ അർത്ഥം സമ്മാനപ്പൊതി എന്നാണ്. സമൂഹത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പ്രാഥമിക പ്രതിരോധ പ്രവർത്തനങ്ങളും നടത്തിവരുന്ന ആശ പ്രവർത്തകർക്ക് സർക്കാർ തോന്നുംപടി കൊടുക്കുന്ന ഓണറേറിയം എന്ന ഔദാര്യമല്ല വേണ്ടത്. 11-ാം സംസ്ഥാന ശമ്പളകമ്മിഷൻ പ്രകാരം ആരോഗ്യവകുപ്പിലെ സർക്കാർ ജീവനക്കാർ ചെയ്യുന്ന അതേ സ്വഭാവത്തിലും അതിനേക്കാൾ പ്രയാസകരമായ സാഹചര്യത്തിലും ജോലിചെയ്യുന്ന ആശ തൊഴിലാളികൾക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎൻടിയുസി പ്രസ്ഥാനത്തിനുണ്ടെന്നാ'ണ് ലേഖനം വ്യക്തമാക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രയത്നത്തിലും പോരാട്ടത്തിലുമാണ് ഐഎൻടിയുസിയെന്നും നിലപാടിൽ വെള്ളം ചേർക്കുന്ന ആ സമരലക്ഷ്യത്തെ ദുർബ ലപ്പെടുത്തുന്ന ഒരിടപാടിനും ഇല്ലെന്നും ലേഖനത്തിൽ അസന്നിഗ്ധമായി ഐഎൻടിയുസി വ്യക്തമാക്കുന്നുണ്ട്.
സമരത്തിനെത്തിയ കോൺഗ്രസ് നേതാക്കളെയും ലേഖനം പരോക്ഷമായി വിമർശിക്കുന്നുണ്ട്. സമരം ചിലർക്ക് ഒരു സെൽഫി പോയിൻ്റാണെന്നും സമര കേരളത്തിൻ്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. 'മറ്റൊരു മനുഷ്യൻ്റെ ജീവിതത്തെയും പ്രയാസത്തെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ കണ്ടന്റാക്കി, ലൈക്ക് തെണ്ടുന്ന ഈ പ്രതിഭാസം മനഃശാസ്ത്രപരമായി ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. ഫിലോസഫിക്കലായി സ്വത്വപ്രതിസന്ധിയുടെ ഉപോത്പ്പന്നവും. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്ളോഗർമാരും സാധാരണക്കാരും ഇന്നി അസുഖത്തിൻ്റെ പിടിയിലാണെന്ന' രൂക്ഷ വിമർശനവും ലേഖനം മുന്നോട്ട് വെയ്ക്കുന്നുണ്ട്.
സമരത്തിൻ്റെ ഭാഗമായി സ്വയം പ്രദർശിപ്പിക്കപ്പെടുമ്പോഴും അതിൻ്റെ കാരണങ്ങളിലേക്കോ പരിഹാരങ്ങളിലേക്കോ അവർ കടക്കില്ല. സമരം അവർക്ക് ഒരു സെൽഫി പോയിൻ്റാണ്. ഫാൻസ് ക്ലബ് രാഷ്ട്രീയം പോലെ, അത്തരം ആൾക്കൂട്ടങ്ങൾ സമരത്തെ വിജയിപ്പിക്കുകയല്ല, സമരത്തിൻ്റെ ലക്ഷ്യം തെറ്റിക്കുകയാണ് ചെയ്യുന്നത്. സമരം ഒരു കൂട്ടയോട്ട മത്സരമല്ല. മറിച്ച്, താൻ ഉൾപ്പെടുന്ന വ്യവസ്ഥിതിയിൽനിന്നുള്ള ഇറങ്ങിപ്പോക്കാണ്. സ്വയം അപകടപ്പെടുത്തിക്കൊണ്ടാണ് ഒരാൾ സമരത്തിൻ്റെ ഭാഗമാകുന്നത്. അതുകൊണ്ടുതന്നെ സമരത്തിൻ്റെ ഭാഗമാകുന്ന എതൊരാൾക്കും സമരത്തിൻ്റെ ലക്ഷ്യത്തെ സംബന്ധിച്ചും സമരം ചെയ്യുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതൊരു ഭാരിച്ച ഉത്തരവാദിത്വം കൂടിയാണ്. സമരം റീൽസിന് വേണ്ടിയല്ല. ജീവിതത്തിന് വേണ്ടിയാണെന്ന ബോധ്യം ശ്രീജിത്തിന്റെ സമരത്തിലായാലും ആശാവർക്കർമാരുടെ സമരത്തിലായാലും പങ്കെടുക്കുന്നവർക്ക് ഉണ്ടാകേണ്ടതുണ്ടെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
Content Highlights:INTUC rejects the strike of ASHA workers led by SUCI