'വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണം';ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ

സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം

dot image

പാലക്കാട് : വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയതെന്നും ഹര്‍ജിയില്‍ മാതാപിതാക്കൾ ആരോപിക്കുന്നു.

സിബിഐയുടേത് ആസൂത്രിതമായ അന്വേഷണമെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നും ഹർജിയിൽ മാതാപിതാക്കൾ വാദിക്കുന്നു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കൂടുതല്‍ കേസുകളില്‍ സിബിഐ പ്രതിചേര്‍ത്തിരുന്നു. നേരത്തെ ആറ് കേസുകളില്‍ ഇവരെ പ്രതിയാക്കി കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഈ കേസുകളിലെല്ലാം ഇരുവര്‍ക്കുമെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാമുണ്ടെന്ന് കേസ് പരിഗണിക്കവെ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

സിബിഐ നല്‍കിയ കുറ്റപത്രങ്ങള്‍ അനുസരിച്ച് ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഒക്ടോബര്‍ ഒന്‍പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.

Content highlights : Parents of Walayar girls file petition in High Court to quash chargesheet in Walayar case

dot image
To advertise here,contact us
dot image