മുഖ്യമന്ത്രിക്കെതിരായ ദുർഭൂതം പരാമർശം, കെ സി വേണുഗോപാലിനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

മൂന്നാമതും ദുർഭൂതം വരുന്നുവെന്നാണ് കെ സി വേണു​ഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്

dot image

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദുർഭൂതം പരാമ‍ർശം നടത്തിയതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെ പിന്തുണച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം പിയും. മൂന്നാമതും ദുർഭൂതം വരുന്നുവെന്നാണ് കെ സി വേണു​ഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിന് പിന്തുണയുമായാണ് ഇപ്പോൾ യുവനേതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട ഒരു പഴയ സഹപ്രവർത്തനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയെ വാഴ്ത്താൻ ശ്രീ കെ സി വേണുഗോപാൽ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ല, കോൺഗ്രസ്സിന്റെ സംഘടന ജനറൽ സെക്രട്ടറിയാണെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

അതേ സമയം, പിണറായി വിജയനെ കെസി വേണുഗോപാൽ 'ദൈവം തമ്പുരാൻ' എന്ന് വിളിക്കണോയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
ആശവർക്കർമാരുടെ അതിജീവന സമരത്തെ പോലും ആക്ഷേപിച്ച് അവരെ പട്ടിണിക്കിടുന്ന ഈ 'ദുർഭരണം' ജനങ്ങൾ അവസാനിപ്പിക്കുമെന്നും ഷാഫി പറമ്പിലിൻ്റെ പോസ്റ്റിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിലെ ഒരു മുതിർന്ന പൊതുപ്രവർത്തകനും പാർലമെന്ററിയനുമായ ശ്രീ N K പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച,
ഒരു മതമേലധ്യക്ഷനായ താമരശ്ശേരി ബിഷപ്പ് ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവി എന്ന് വിളിച്ച,
ഒരു മാധ്യമപ്രവർത്തകനെ “എടോ ഗോപാലകൃഷ്ണ" എന്ന് വിളിച്ച,
കൊല്ലപ്പെട്ട ഒരു പഴയ സഹപ്രവർത്തനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച
കേരളത്തിന്റെ മുഖ്യമന്ത്രിയെ വാഴ്ത്താൻ ശ്രീ കെ സി വേണുഗോപാൽ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ല, കോൺഗ്രസ്സിന്റെ സംഘടന ജനറൽ സെക്രട്ടറിയാണ്.
മോദിയെയും മോദിമീഡിയയെയും വകവയ്ക്കാത്തയൊരാളെയാണ് നിങ്ങളീ ഉടുക്ക് കൊട്ടിക്കാട്ടുന്നത്.
കാരണഭൂതമെന്ന് കേട്ടപ്പോൾ തിളയ്ക്കാത്തതൊന്നും ദുർഭൂഭതമെന്നു കേൾക്കുമ്പോഴും വേണ്ട.

ഷാഫി പറമ്പിലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

ജനങ്ങൾ ഹൃദയാംഗീകാരം നൽകിയിട്ടുള്ള ഒരു പൊതുപ്രവർത്തകനെ 'പരനാറി'
എന്നാവർത്തിച്ച് വിളിച്ചാക്ഷേപിച്ചിട്ടുള്ള,
ഒരു വൈദികനെ 'നികൃഷ്ട ജീവി' ആയി ചിത്രീകരിച്ചിട്ടുള്ള, ഒരു മാധ്യമ പ്രവർത്തകനെ 'എടോ ഗോപാലകൃഷ്ണാ' എന്നാക്രോശിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിട്ടുള്ള, 52 വെട്ടി ടി.പി യെ കൊന്നു തള്ളിയ ശേഷവും ' കുലം കുത്തി' പ്രയോഗം നടത്തി അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാൻ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി വേണുഗോപാൽ
'ദൈവം തമ്പുരാൻ' എന്ന് വിളിക്കണമായിരിക്കും.
പാവപ്പെട്ട ആശവർക്കർമാരുടെ അതിജീവന സമരത്തെ പോലും ആക്ഷേപിച്ച് അവരെ പട്ടിണിക്കിടുന്ന ഈ 'ദുർഭരണം' ജനങ്ങൾ അവസാനിപ്പിക്കുക തന്നെ ചെയ്യും.

Content Highlights-' remarks against the Chief Minister', Rahul Mangkootathil and Shafi Parambil in support of KC Venugopal

dot image
To advertise here,contact us
dot image