ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ

ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ പറഞ്ഞു

dot image

കോട്ടയം: എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്നായിരുന്നു പ്രതിഭയുടെ പ്രതികരണം. അത് വലിയ മാനസിക വിഷമം ഉണ്ടാക്കും. പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണം. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും അവർ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയേയും അങ്ങനെ ചെയ്യാൻ പാടില്ല. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ പറഞ്ഞു.

ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടികൂടിയതെന്നും എഫ്‌ഐആറിൽ പറഞ്ഞിരുന്നു.

എന്നാൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നുമായിരുന്നു എംഎൽഎ നൽകിയ മൊഴി.

കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രതിഭ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

Content Highlights: U Prathibha MLA against excise

dot image
To advertise here,contact us
dot image