
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങൾക്കാണെന്നാണ് ഇ ഡി കുറ്റപത്രത്തിൽ പറയുന്നത്. ബിജെപിയുടെ പണമെന്നതിന് തെളിവില്ല. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു. റിപ്പോർട്ടർ ബിഗ് എക്‌സ്‌ക്ലൂസീവ്.
2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണം മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് രംഗത്തെത്തിയത്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തല്‍. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു. എന്നാല്‍ സതീഷിന്റെ ആരോപണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ കെ സുരേന്ദ്രൻ തള്ളിയിരുന്നു.
Content Highlights: ED denies allegations that money was sent to BJP in Kodakara money laundering case