
ഇടുക്കി: ബിജു ജോസഫിന്റെ കൊലപാതക കേസിൽ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. വാനിനുള്ളിൽ വച്ച് ബിജുവിനെ മർദ്ദിച്ചത് ആഷിക്കും മുഹമ്മദ് അസ്ലവുമെന്ന് പൊലീസ് അറിയിച്ചു. ബിജുവിന്റെ സ്കൂട്ടർ സംഭവ സ്ഥലത്തുനിന്ന് മാറ്റിയത് മുഖ്യപ്രതി ജോമോനാണെന്നും പൊലീസ് അറിയിച്ചു. രണ്ടു വാഹനങ്ങളും എവിടെയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒമ്നി വാൻ കലയന്താനിയിലും ബിജുവിന്റെ സ്കൂട്ടർ എറണാകുളം വൈപ്പിനിൽ നിന്നുമാണ് കണ്ടെത്തിയത്.
കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ ക്വട്ടേഷൻ നൽകുന്നത്. ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയുണ്ടായ മർദ്ദനത്തിൽ ബിജു കൊല്ലപ്പെട്ടു.
തുടർന്ന് ജോമോൻ്റെ ഉടമസ്ഥതയിലുള്ള കലയന്താനിയിലെ ഗോഡൗണിലെത്തിച്ച് മാൻ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. ഷെയർ സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആഷിക്കിനെയും പുറത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
Content Highlights: Four accused have been charged with murder in Biju Joseph's murder case