പാഠപുസ്തകം നേരത്തെ ഇറങ്ങിയതിൽ പ്രശ്നമില്ല; എല്ലാത്തിനും ചോർച്ച എന്ന വാക്ക് ഉപയോഗിക്കണ്ട: മന്ത്രി വി ശിവൻകുട്ടി

'ആദ്യമായാണ് ഒൻപതാം ക്ലാസ് പരീക്ഷ തീരുന്നതിന് മുൻപ് പത്താം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്തത്'

dot image

തിരുവനന്തപുരം: പാഠപുസ്തകം നേരത്തെ ഇറങ്ങിയതിൽ പ്രശ്നമില്ലെന്നും എല്ലാത്തിനും ചോർച്ച എന്ന വാക്ക് ഉപയോഗിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതിയാണ് ഈ വർഷം പരിഷ്കരിച്ചത്. ആദ്യമായാണ് ഒൻപതാം ക്ലാസ് പരീക്ഷ തീരുന്നതിന് മുൻപ് പത്താം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്തത്. 16 വർഷത്തിനുശേഷമാണ് പാഠപുസ്തകം പരിഷ്ക്കരിച്ചതെന്നും അതിൻ്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ‍‍ർത്തു.

40 ലക്ഷം കുട്ടികൾക്കാണ് പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്തത്. പാഠപുസ്തകം തെറ്റ് കൂടാതെ അച്ചടിച്ച് വിതരണം ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുട്ടികൾ അച്ചടക്കം പാലിക്കണമെന്ന് പറഞ്ഞ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. വാർഷികാഘോഷ പരിപാടികൾ സംഘർഷം കൂടാതെ നടത്തണം. സ്കൂളിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുവന്ന് ദുരുപയോഗം ചെയ്യാൻ പാടില്ല. കുട്ടികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അവകാശമുണ്ടെന്നും
അതിനെ ദുർവ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഇത് സംബന്ധിച്ച് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. എയ്ഡഡ് സ്കൂളുകളിൽ പരീക്ഷാ ഡ്യൂട്ടിയിൽ ഇല്ലാത്ത അധ്യാപകർ കുട്ടികളെ സഹായിക്കുന്നുവെന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു. രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ അധ്യാപകർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശ വർക്കർമാരുടെ സമരം സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ആശ വർക്കർമാരുടെ സമരത്തിൽ ആദ്യം കേന്ദ്രസർക്കാർ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. 'ഞാൻ തൊഴിൽ മന്ത്രിയാണ്. ഈ നിമിഷം വരെ സമരം ഒത്തു തീർപ്പാക്കാൻ ആശ വർക്കർമാർ എന്നെ വന്ന് കണ്ടിട്ടില്ല. ഒരു കത്ത് പോലും അവർ നൽകിയിട്ടില്ല. അപ്പോൾ ഈ സമരത്തിൻ്റെ ദുഷ്ടലാക്ക് എന്താണെന്ന് മനസ്സിലാകുമല്ലോ. സ്ത്രീകൾക്ക് അങ്ങേയറ്റം സംരക്ഷണം നൽകുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ', അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: v sivankutty says It doesn't matter if the textbook came out early

dot image
To advertise here,contact us
dot image