
തിരുവനന്തപുരം: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി സ്ഥാനാരോഹണം ചെയ്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന് ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയത്.
കാതോലിക്കാ ബാവയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് മുതൽക്കു തന്നെ മലങ്കര മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ബാവ ഇനി ഇന്ത്യയിലെ യാക്കോബായ സഭയെ നയിക്കുമെന്നത് കേരളീയരായ വിശ്വാസികളെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ് എന്നും അദ്ദേഹം കുറിച്ചു.
വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളും ആശങ്കകളും പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാനും സാമുദായിക മൈത്രി ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് കരുത്തും ദിശാബോധവും പകരാനും സഭാനേതൃത്വത്തിന് സാധിക്കട്ടെ. ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് ആശംസകൾ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഇന്നലെ ഇന്ത്യൻ സമയം 9.50 ഓടെയാണ് യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടന്നത്. ബെയ്റൂത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ ആണ് ചടങ്ങുകൾ പൂർത്തിയായത്.
Content Highlights :Chief Minister Pinarayi Vijayan congratulates Baselius Joseph pradhaman