
പാലക്കാട്: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേരളത്തിലെ ഏറ്റവും ഉന്നതയായ ഉദ്യോഗസ്ഥ പോലും അവരുടെ ത്വക്കിന്റെ നിറത്തിന്റെ പേരില്‍ തൊഴില്‍ ഇടത്തില്‍ അധിക്ഷേപിക്കപ്പെടുകയാണെന്നും എന്തൊരു അവസ്ഥയാണിതെന്നും രാഹുല്‍ പ്രതികരിച്ചു. 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്താണ് ചീഫ് സെക്രട്ടറി അധിക്ഷേപിക്കപ്പെടുന്നതെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇനി പിന്തുണക്കാന്‍ വേണ്ടി കറുപ്പിനെന്താ കുഴപ്പമെന്ന ക്ലീഷേ പ്രയോഗങ്ങള്‍ നടത്തും. പല കാര്യങ്ങളിലും സമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറ പൊളിറ്റിക്കല്‍ കറക്ടനസ് കാര്യത്തില്‍ മുതിര്‍ന്ന തലമുറയ്ക്ക് മാതൃകയാണെന്ന് രാഹുല്‍ പറഞ്ഞു. ശരീരത്തിന് ഏത് നിറമായാലും, ചിലരുടെ തനിനിറം പുറത്ത് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോര്‍ പവര്‍ ടു ശാരദ മുരളീധരന്‍ എന്ന് പറയുന്നില്ലെന്നും നല്ല പവര്‍ ഉള്ളത് കൊണ്ട് തന്നെയാണ് അവര്‍ ഈ പദവിയില്‍ എത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ ഏറ്റവും ഉന്നതയായ ഉദ്യോഗസ്ഥ പോലും അവരുടെ ത്വക്കിന്റെ നിറത്തിന്റെ പേരില്‍ അവരുടെ തൊഴില്‍ ഇടത്തില്‍ അധിക്ഷേപിക്കപ്പെടുകയാണ്. എന്തൊരു അവസ്ഥയാണിത്! ഒരു ചാനല്‍ ഷോയില്‍ 'കേരളാ സാര്‍, 100 പേര്‍സെന്റ് ലിറ്ററസി സാര്‍' എന്ന് അവതാരകന്‍ പറയുന്നതിന് എതിരെ വലിയ സൈബര്‍ പോരാട്ടം നടത്തിയത് ഓര്‍മ്മയുണ്ടോ? ആ 100 പെര്‍സെന്റ് ലിറ്ററസി സ്റ്റേറ്റിലാണ് ആ സ്റ്റേറ്റിന്റെ ചീഫ് സെക്രട്ടറി അധിക്ഷേപിക്കപ്പെടുന്നത്.
ഇനി അവരെ പിന്തുണക്കാന്‍ നമ്മള്‍ എന്താ പറയേണ്ടത്? 'അവര്‍ക്ക് എന്തൊരു അഴകാണ്, കറുപ്പിന് എന്താ കുഴപ്പം, കറുപ്പിനല്ലേ അഴക്' തുടങ്ങിയ ക്ലിഷെ പ്രയോഗങ്ങള്‍. അല്ലേ ? ത്വക്കിന്റെ നിറത്തിന്റെ ക്വാളിറ്റി ചെക്ക് നടത്താന്‍ നമ്മള്‍ ആരാണ്? അല്ലെങ്കില്‍ തന്നെ ഏത് നിമിഷവും സ്‌കിന്‍ കാന്‍സര്‍ വരാന്‍ പറ്റുന്ന ത്വക്കിന്റെ നിറത്തില്‍ എന്ത് കാര്യമാണ് ഉള്ളത്?
ലഹരിയുടെ വിഷയത്തിലും വയലന്‍സ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെന്‍ x എന്നും ആല്‍ഫ കിഡ്‌സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികള്‍, അവര്‍ ഈ പൊളിറ്റിക്കല്‍ കറക്ട്‌നസ് കാര്യത്തില്‍ മുതിര്‍ന്ന തലമുറക്ക് ഒരു മാതൃകയാണ്. അവര്‍ക്കിടയില്‍ നിറത്തിന്റെയോ ശാരീരിക അവസ്ഥയുടെയോ പേരിലുള്ള അധിക്ഷേപങ്ങളും വട്ടപ്പേരുകളും വളരെ കുറവാണ്. ശരീരത്തിന് ഏത് നിറമായാലും, ചിലരുടെ തനിനിറം പുറത്ത് വന്നു. മോര്‍ പവര്‍ ടു ശാരദ മുരളീധരന്‍ എന്ന് പറയുന്നില്ല, നല്ല പവര്‍ ഉള്ളത് കൊണ്ട് തന്നെയാണ് അവര്‍ ഈ പദവിയില്‍ എത്തിയത്.
Content Highlights: Congress MLA Rahul Mamkoottathil supports Shardha Muraleedharan