'ഓഫീസിൽ കയറി വെട്ടും'; പത്തനംതിട്ടയിൽ വില്ലേജ് ഓഫീസറെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി

കെട്ടിടനികുതി അടയ്ക്കണമെന്ന് വില്ലേജ് ഓഫീസർ ഏരിയാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് വിവരം

dot image

പത്തനംതിട്ട : പത്തനംതിട്ടയിൽ വില്ലേജ് ഓഫീസറെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫിനെ പത്തനംതിട്ട സിപിഐഎം ഏരിയാ സെക്രട്ടറി എം വി സഞ്ജു ഭീഷണിപ്പെടുത്തിയതായാണ് പരാതി. വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടുമെന്നാണ് എം വി സഞ്ജു ഭീഷണി മുഴക്കിയത്. ഫോണിലൂടെയായിരുന്നു ഭീഷണി.

കെട്ടിടനികുതി അടയ്ക്കണമെന്ന് വില്ലേജ് ഓഫീസർ ഏരിയാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് വിവരം. നികുതി അടച്ചില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം തനിക്ക് നേരെ വരുമെന്നും തനിക്ക് മുട്ടുമടക്കി നിൽക്കാനേ കഴിയുകയുള്ളൂ എന്നും വില്ലേജ് ഓഫീസർ ഏരിയാ സെക്രട്ടറിയോട് പറയുന്നുണ്ട്. നമുക്ക് സൗഹൃദത്തിൽ പോകാമെന്നും നികുതി അടയ്ക്കാൻ കഴിയില്ലെന്നും ഏരിയാ സെക്രട്ടറി മറുപടി നൽകുന്നുണ്ട്.

നികുതി അടയ്ക്കാനാകാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്നും നടപടി എടുക്കുമെന്നും വില്ലേജ് ഓഫീസർ പറയുമ്പോഴാണ് വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന് ഏരിയാ സെക്രട്ടറി ഭീഷണി മുഴക്കിയത്. അതേസമയം വില്ലേജ് ഓഫീസർ ജോസഫ് പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത സംഭാഷണമാണെന്ന് എം വി സഞ്ജു വിശദീകരിച്ചു. തന്നെ വില്ലേജ് ഓഫീസർ ഇങ്ങോട്ടാണ് ഫോൺ വിളിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

content highlights: CPIM area secretary threatens village officer in Pathanamthitta

dot image
To advertise here,contact us
dot image