
കല്‍പ്പറ്റ: വയനാട് തലപ്പുഴയില്‍ മാതാപിതാക്കളോട് രാസലഹരിക്ക് അടിമയായ മകന്റെ കൊടും ക്രൂരത. അച്ഛനെ മര്‍ദ്ദിച്ച മകൻ അച്ഛനേയും മുത്തശ്ശിയേയും അമ്മയേയും സഹോദരിയേയും വീട്ടില്‍ നിന്ന് പുറത്താക്കി. പിതാവിനെ കൊല്ലുമെന്നാണ് രാസ ലഹരിക്ക് അടിമയായ മകന്റെ ഭീഷണി. മകനെ പേടിച്ച് വീട്ടില്‍ കയറാന്‍ ഭയന്ന് കട വരാന്തയിലാണ് പിതാവ് താമസിക്കുന്നത്.
'അമ്മയെയും പെങ്ങളെയും എന്നെയും കൊല്ലുമെന്ന് മകന്‍ പറഞ്ഞു. എല്ലാ ലഹരിയും ഉപയോഗിക്കും. വിളിച്ച് അസഭ്യവാക്കുകള്‍ പറയും. ജീവനോടെ വിടില്ലെന്ന് പറയും. അഞ്ച് ദിവസമായി വീട്ടില്‍ പോയിട്ട്. ഇനി ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ല', പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കെട്ടിട നിര്‍മാണ തൊഴിലാളിയാണ് മകന്‍. കഴിഞ്ഞയാഴ്ച വീട്ടിലെത്തിയ മകന്‍ പിതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പിതാവ് പൊലീസിനെ അറിയിക്കുകയും ചെയ്തു. നിലവില്‍ പൊലീസ് മകന് വേണ്ടി അന്വേഷണം നടത്തുകയാണ്. ലഹരിക്കേസിലും പോക്‌സോ കേസിലും പ്രതിയാണ് മകന്‍. ആദ്യഘട്ടങ്ങളില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ചെവിക്കൊണ്ടില്ലെന്നും കഴിഞ്ഞയാഴ്ചയാണ് പൊലീസ് സംഭവത്തില്‍ ഇടപ്പട്ടതെന്നും പിതാവ് പറഞ്ഞു.
Content Highlights: Drug addict Son beat father in Wayanad