ആശമാരുടെ സമരത്തിൽ ഒരു പോസ്റ്റിടാൻ പോലും ധൈര്യമോ ബോധമോ ഇല്ല; ഡിവൈഎഫ്ഐയെ വിമർശിച്ച് ജോയ് മാത്യു

ആശാ പ്രവർത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു പറഞ്ഞു

dot image

തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. ആശാ പ്രവർത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ചർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു.
തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ അത് ചെയ്യുന്നവരെ പരിഹസിക്കുന്നു. ആണുങ്ങളുടെ ഭാഗത്തുനിന്ന് പരിഹാസമാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിൻ്റെ പേരാണ് പരിഹാസമെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യം എന്നൊന്നുമില്ല.
അതൊക്കെ വെറുതെ പറയുന്നതാണ്. ഇന്ത്യ ഭരിക്കുന്നവരുടെ അതേ നയമാണ് ഇവിടെയുമെന്നും ജോയ് മാത്യു പറഞ്ഞു.

യുവജന സംഘടനകൾ പാർട്ടികളുടെ അടിമകളാണെന്ന് പറഞ്ഞ ജോയ് മാത്യു ഡിവൈഎഫ്ഐയെയും വിമർശിച്ചു. ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല. ആമസോൺ കാട് കത്തിയാൽ ബ്രസീൽ എംബസിയുടെ മുൻപിൽ പോയി സമരം ചെയ്യും. അപ്പോഴാകും ബ്രസീൽ എംബസി പോലും ആമസോൺ കാട് കത്തിയ കാര്യം അറിയുക. ഫേസ്ബുക്കിലൊക്കെ വിപ്ലവം എഴുതുമെന്നും ജോയ് മാത്യു പറഞ്ഞു.

താൻ സിനിമയെ പ്രതിനിധീകരിച്ച് വന്ന ആളല്ല. അവരൊന്നും ഈ വിഷയങ്ങളിൽ ഇടപെടില്ല.
സർക്കാരിന്റേത് അനാവശ്യമായ പിടിവാശിയാണ്. തമിഴ്നാട്ടിൽ ആശാ പ്രവർത്തകർ സമരം ചെയ്തു. അത് സിഐടിയു ആണ് നടത്തിയത്. സ്റ്റാലിന് പഠിക്കുന്ന നമ്മുടെ മുഖ്യമന്ത്രി ആ സമരത്തെ എന്ത് പറയുമെന്നും നടൻ ചോദിച്ചു. സമരം എങ്ങനെയെങ്കിലും പൊളിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. സുരേഷ് ഗോപി സമരപ്പന്തലിൽ എത്തിയതിനെയും ജോയ് മാത്യു വിമർശിച്ചു. വാഗ്ദാനങ്ങൾ ഒരുപാട് കൊടുക്കാൻ പറ്റും. പക്ഷേ നടപ്പിലാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Joy Mathew against government and dyfi on asha worker's strike

dot image
To advertise here,contact us
dot image