
തൃശ്ശൂർ : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനായി ഏപ്രിൽ എട്ടിന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുമ്പ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാർലമെന്റ് ചേരുന്നതും പാർട്ടി കോൺഗ്രസ് നടക്കുന്നതും പരിഗണിച്ച് ഇ ഡി സാവകാശം അനുവദിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം കെ രാധാകൃഷ്ണൻ എംപി ഹാജരാക്കിയിരുന്നു. ഇഡിയുടെ ആവശ്യപ്രകാരം കെ രാധാകൃഷ്ണൻ്റെ സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളുമാണ് കൈമാറിയത്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ. അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് ഇ ഡിയുടെ നിലപാട്.
Content highlights : Karuvannur black money transaction case; Notice issued again to K Radhakrishnan MP