മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളില്ല; കേന്ദ്രം ഹെെക്കോടതിയില്‍

ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

dot image

കൊച്ചി: മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വായ്പ പുനക്രമീകരണത്തില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയോ എന്നും സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസര്‍പ്പിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

കൊവിഡ് സമയത്ത് പോലും മൊറട്ടോറിയമാണ് വായ്പയ്ക്ക് നല്‍കിയതെന്നും കേന്ദ്രത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ ഏപ്രില്‍ ഏഴിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും.

Content Highlights: Loans of Mundakai-Churalmala disaster victims will not be waived center to high court

dot image
To advertise here,contact us
dot image