
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ രണ്ടാംഘട്ട അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ പുതിയ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. 6 കോടി രൂപയുടെ കള്ളപ്പണം ബിജെപി ഓഫീസിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്ലാണ് തുടരന്വേഷണ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ തിരൂർ സതീഷ് ബിജെപി നേതാക്കൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്തു. തൃശൂർ കോടതിയിലാണ് അന്യായം ഫയൽ ചെയ്തത്. ബിജെപി നേതാക്കളായ കെ കെ അനീഷ് കുമാർ, അഡ്വ. കെ ആർ ഹരി , സുജൈ സേനൻ എന്നിവരെ പ്രതിചേർത്താണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
അതേസമയം കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രം സംബന്ധിച്ച് കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഎംഎല്‍എ നിയമപ്രകാരമാണ് ഇ ഡി പ്രവര്‍ത്തിക്കുന്നത്. അതില്‍ പറയുന്നതെല്ലാം അന്വേഷിച്ചെന്നും ഇ ഡി വ്യക്തമാക്കി.
കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഇ ഡിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ആദായ നികുതി വകുപ്പാണ് അന്വേഷിക്കേണ്ടതെന്നും ഇ ഡി പറഞ്ഞു. കവര്‍ച്ച നടന്നതിന് ശേഷം പണം കള്ളപ്പണമായി വെളുപ്പിച്ചോ എന്നതാണ് തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഇ ഡി പറഞ്ഞു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും തെളിവുകള്‍ ഇല്ലെന്നും പൊലീസും പറഞ്ഞു.
Content Highlights : Police conclude second phase of investigation into Kodakara money laundering case