ഹൃദയസ്പർശിയായ കുറിപ്പ്, കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ശാരദാ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

'നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്'

dot image

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറയുന്നു.

'സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു.' എന്നാണ് വി ഡി സതീശന്‍ കുറിപ്പ് പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാള്‍ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ശാരദാ മുരളീധരന്റെ കുറിപ്പ് ആരംഭിക്കുന്നത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും അവര്‍ ചോദിക്കുന്നു.

നാലുവയസ്സുള്ളപ്പോള്‍ അമ്മയോട് തന്നെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും അവര്‍ പറയുന്നു. കറുപ്പില്‍ സൗന്ദര്യമോ ഗുണമോ കാണാന്‍ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ 7 മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാല്‍ എനിക്കിപ്പോള്‍ ഇത് കേട്ട് ശീലവുമായെന്നു പറയാം. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പാണത്. എല്ലാവര്‍ക്കും ചേരുന്ന നിറപ്പൊരുത്തമാണത്. കറുപ്പ് പ്രപഞ്ചത്തിന്റെ സര്‍വ്വവ്യാപിയായ സത്യമാണ്.

നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. കറുപ്പില്‍ സൗന്ദര്യമോ ഗുണമോ കാണാന്‍ എനിക്കു മടിയായി. വെളുത്ത ചര്‍മം വിസ്മയമായി. ഫെയര്‍ എന്ന തോന്നലുള്ള എന്തിനോടും, അതെല്ലാം നല്ലതും പൂര്‍ണഗുണങ്ങളാല്‍ സുന്ദരവുമായി തോന്നി. ഇതൊന്നുമല്ലാത്ത ഞാന്‍ താണതരത്തില്‍പെട്ട, മറ്റേതെങ്കിലും വിധത്തില്‍ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു.' ശാരദാ മുരളീധരന്‍ കുറിച്ചു.

Content Highlights: v d satheesan support saradha muralidharan

dot image
To advertise here,contact us
dot image