
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി ഡി സതീശനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പറച്ചിലില്‍ ഹീറോയും കാര്യത്തില്‍ സീറോയും ആണ്. കെ സുധാകരനെ ചീത്ത പറയുന്നതാണ് പുള്ളിയുടെ രീതി.ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെയും പറയുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അടുത്ത തവണയും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍
പിണറായി അല്ലാതെ മറ്റൊരാള്‍ ഇല്ല. മറ്റാരെങ്കിലും മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടി അടിച്ചു പിരിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വെള്ളാപ്പള്ളി നടേശന്‍ പുകഴ്ത്തി. രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാജീവ് നല്ലൊരു വ്യവസായിയാണ്. രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യാനുള്ള തന്ത്രം അറിയാം. രാജീവ് ചന്ദ്രശേഖറല്ലാതെ മറ്റാരെങ്കിലും വന്നാല്‍ ബിജെപില്‍ കൂട്ടകലഹം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വിജയിച്ച വ്യവസായി എല്ലാത്തിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപിയില്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി കൂട്ടയടിയാണ്. കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും ആഗ്രഹിച്ചവര്‍ക്കും കിട്ടിയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ തീരുമാനം കറക്റ്റാണ്. മോഹഭംഗപ്പെട്ടവര്‍ സഹകരിച്ചില്ലെങ്കില്‍ മുന്നോട്ടുപോവുക വിഷമകരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ബിജെപിയില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അവര്‍ വെട്ടിയില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖറിന് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചു. പി സി ജോര്‍ജ് ഭക്ഷണം കഴിക്കാന്‍ മാത്രം വായ തുറക്കുന്ന ആളാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വന്തം മകനല്ലാതെ മറ്റൊരു 'മരപ്പട്ടി'യും പി സി ജോര്‍ജിനൊപ്പം പോയില്ല. രാഷ്ട്രീയ ഉച്ഛിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്ന പാര്‍ട്ടിയായി ബിജെപി മാറിയോ എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Content Highlights: VD Satheesan is preparing to become the Chief Minister by cutting out the rest; Vellappally Natesan