
കണ്ണൂര്‍: ആശ വര്‍ക്കര്‍മാര്‍ക്ക് അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍. 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്നാണ് പ്രഖ്യാപനം. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി.ഇന്ദിര അവതരിപ്പിച്ച വാര്‍ഷിക ബജറ്റിലാണ് പ്രഖ്യാപനം.
സമൂഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ ഓണറേറിയം ലഭിക്കുന്ന സാഹചര്യത്തില്‍ വര്‍ഷത്തില്‍ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ വീതം ഇന്‍സെന്റീവ് നല്‍കാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്നാണ് പ്രഖ്യാപനം. ഡിപിസിയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഓണ്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതായിരിക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആനുകൂല്യം വര്‍ധിപ്പിക്കാനാണ് യുഡിഎഫ് നീക്കം. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യുഡിഎഫ് നീക്കം.
യുഡിഎഫ് ഭരിക്കുന്ന കൊല്ലം ജില്ലയിലെ തൊടിയൂരും തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരും ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിരുന്നു. തൊടിയൂരില്‍ ഗ്രാമപഞ്ചായത്ത് ബജറ്റിലാണ് 1000 രൂപ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. 46 ആശവര്‍ക്കര്‍മാരാണ് പഞ്ചായത്തിലുള്ളത്. പഴയന്നൂര്‍ പഞ്ചായത്തില്‍ ആശമാര്‍ക്ക് 2000 രൂപ ഇന്‍സെന്റീവായി നല്‍കാനാണ് തീരുമാനം. ഇതിനായി എട്ടുലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
Content Highlights: Kannur Corporation announces additional incentives for ASHA workers