അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം', എമ്പുരാൻ ആവേശത്തിൽ കേരള പൊലീസും; എമ്പുരാൻ സ്റ്റൈലിലൊരു അറിയിപ്പ്

എമ്പുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്റാണ് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്

dot image

തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞിരിക്കുകയാണ്. ഫാന്‍സിന് വേണ്ടിയൊരുക്കിയ ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നെന്നും ഹോളിവുഡ് നിലവാരമുള്ള സിനിമയാണെന്നുമുള്ള പ്രതികരണങ്ങള്‍ വരുന്നുണ്ട്. തീയേറ്ററുകളിലെല്ലാം എമ്പുരാന്റെ ആവേശമാണ് കാണാന്‍ സാധിക്കുന്നത്. ഈ ആവേശത്തോടൊപ്പം തന്നെ അറിയിപ്പും നല്‍കുകയാണ് കേരള പൊലീസും. എമ്പുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്റാണ് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

'അടിയന്തിര സഹായങ്ങള്‍ക്ക് വിളിക്കാം, 112' എന്ന പോസ്റ്ററാണ് കേരള പൊലീസ് പങ്കുവെച്ചത്. പോസ്റ്ററില്‍ ഫോണ്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും എമ്പുരാന്‍ എന്നെഴുതിയ അതേ സ്റ്റൈലില്‍ കേരള പൊലീസ് എന്ന് എഴുതിയിട്ടുമുണ്ട്. 'അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം' എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ട്രെന്‍ഡിങ്ങായി നല്‍കുന്ന കേരള പൊലീസിന്റെ പല പോസ്റ്ററുകള്‍ പണ്ടും ശ്രദ്ധേയമായിരുന്നു.

അതേസമയം ആദ്യ ഷോ കഴിയുമ്പോള്‍ ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍.

മോഹന്‍ലാലിന്റെ ഇന്‍ട്രൊയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്. സിനിമയിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും ആളുകള്‍ പറയുന്നു. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി തിയേറ്ററുകളിലെത്തിയ എമ്പുരാന്‍ പ്രീക്വലും സീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Kerala Police new poster in Empuraan style

dot image
To advertise here,contact us
dot image