ലഹരിക്കടിമയായ അച്ഛന്റെയും സഹോദരന്റെയും ഉപദ്രവം; മകളെയും അമ്മയെയും വാടക വീട്ടിലേക്ക് മാറ്റും

ലഹരിക്കടിമയായ അച്ഛനും സഹോദരനും തന്നെയും അമ്മയേയും ശാരീരികമായി ഉപദ്രവിക്കുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി

dot image

കോട്ടയം: കോട്ടയത്ത് ലഹരിക്കടിമയായ അച്ഛനും സഹോദരനും 20 കാരിയെ ഉപദ്രവിക്കുന്നതില്‍ നടപടി. പെണ്‍കുട്ടിയേയും അമ്മയേയും ആറ് മാസത്തേക്ക് വാടക വീട്ടിലേക്ക് മാറ്റാന്‍ തീരുമാനം. റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. ഇരുവരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്ന് വൈക്കം എംഎല്‍എ സി കെ ആശ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'തല്‍ക്കാലത്തേക്ക് ഇവരെ വാടക വീട്ടിലേക്ക് മാറ്റി സുരക്ഷിതമാക്കുകയെന്നതാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട് തീരുമാനമായി', സി കെ ആശ എംഎല്‍എ പറഞ്ഞു.

ഇപ്പോള്‍ താമസിക്കുന്ന ഇടത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താവും വാടകവീടെടുക്കുക. ആറ് മാസത്തിന് ശേഷം ബദല്‍ സംവിധാനം ഒരുക്കും. അമ്മയോടൊപ്പം മറ്റൊരു വീട്ടിലേക്ക് മാറണം എന്നായിരുന്നു പെണ്‍കുട്ടിയുടെ താല്‍പര്യം. ഇക്കാര്യം കൂടി കണക്കിലെടുത്താണ് വാടകവീട് ഒരുക്കുന്നത്.

ലഹരിക്കടിമയായ അച്ഛനും സഹോദരനും തന്നെയും അമ്മയേയും ശാരീരികമായി ഉപദ്രവിക്കുമെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 24 വയസുള്ള സഹോദരന്‍ മദ്യപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍വെച്ചാണ്. അമ്മയില്ലാത്തപ്പോള്‍ വീട്ടില്‍ ഇരിക്കാന്‍ പേടിയാണെന്നും പെണ്‍കുട്ടി തുറന്നു പറയുന്നു. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും പെണ്‍കുട്ടി റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്-

'പതിനഞ്ച് വയസുള്ളപ്പോള്‍ ഇരുമ്പുവടി കൊണ്ട് എന്നെ അച്ഛന്‍ അടിച്ചിട്ടുണ്ട്. ആ സംഭവത്തില്‍ ജയിലില്‍ പോയിട്ടുണ്ട്. അച്ഛന്‍ സെക്ഷ്വലായ വാക്കുകളൊക്കെ പറഞ്ഞാണ് ഉപദ്രവിക്കാനൊക്കെ വരുന്നത്. കഞ്ചാവും കള്ളുമൊക്കെ ഉപയോഗിച്ച ശേഷം ചേട്ടന്‍ വീട്ടില്‍ വന്ന് കാശ് ചോദിക്കും. കൊടുത്തില്ലെങ്കില്‍ തല്ലും. ലഹരിയൊക്കെ ഉപയോഗിച്ചിട്ട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. റൂമിലിരുന്നും ഇതൊക്കെ ഉപയോഗിക്കും. പുകയൊക്കെ ശ്വസിച്ച് ശ്വാസംമുട്ടലുണ്ട്. പണ്ടത്തെ ഓടിട്ട വീടാണ്. മുറികള്‍ക്കൊന്നും വാതിലില്ല . ബാത്ത് റൂമിന്റെ വാതിലുള്‍പ്പെടെ പൊളിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അമ്മയുള്ളപ്പോഴാണ് ബാത്ത് റൂം ഉപയോഗിക്കാറുള്ളത്. വെറുതെ ഉപദ്രവിക്കും. എന്റെ മുതുകിലും ബ്രെസ്റ്റിന്റെ സൈഡിലും പാടൊക്കെയുണ്ട്. അമ്മ പണിക്കുപോകുമ്പൊ എന്നെ വീട്ടില്‍ നിര്‍ത്തിയിട്ട് പോകാനൊക്കെ പേടിയാണ്.അച്ഛന്‍ എന്താ ചെയിയ്യുകയെന്ന് അറില്ല', പെണ്‍കുട്ടി പറഞ്ഞു.

Content Highlights: kottayam Daughter and mother will be moved to a rented house

dot image
To advertise here,contact us
dot image