
കോഴിക്കോട്: എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി എം ടി രമേശ്. സിനിമയെ സിനിമയായി കണ്ടാൽ മതി. അതിനുള്ള സാമാന്യബുദ്ധിയും ബോധവും കേരളത്തിലെ ജനങ്ങൾക്കുണ്ട്. ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് എത്ര വെള്ളം ഒഴുകി പോയി. തങ്ങൾ ഒരു സിനിമയും ബഹിഷ്കരിച്ചിട്ടില്ല. സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എം ടി രമേശ് പറഞ്ഞു.
അതേസമയം, വയനാട് ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ് നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ സന്നദ്ധ പ്രവർത്തകരേയും ബിജെപിയേയും കാര്യമായി ക്ഷണിച്ചില്ലെന്ന വിമർശനവും എം ടി രമേശ് ഉന്നയിച്ചു. വയനാട്ടിൽ ഇന്ന് നടന്നത് ഏകപക്ഷീയമായ പരിപാടിയാണ്. പേരിനുള്ള ഒരു പരിപാടി. ദുരന്ത ബാധിതരെ സർക്കാർ കബളിപ്പിക്കുകയാണ്. പുനരധിവാസം വൈകിയത് എന്തുകൊണ്ട് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. പണം ഉണ്ടായിട്ടും പുനരധിവാസ നടപടി വൈകി. ഇരകളെ മുഖ്യമന്ത്രി ശത്രുക്കളായി കാണുന്നു. ലിസ്റ്റ് പൂർണമല്ല, പിന്നെ എങ്ങനെയാണ് വീട് നൽകുന്നത്. 170 പേർക്ക് വീട് ഉണ്ടാക്കി നൽകും എന്ന് പറയുന്നു. എന്നാൽ ഇരകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. തറക്കല്ലിടൽ കബളിപ്പിക്കലാണെന്നും കേന്ദ്രം നൽകിയ 111 കോടി രൂപ ലാപ്സാവും എന്ന് കണ്ടാണ് പെട്ടെന്ന് തറക്കല്ലിടൽ നടത്തിയതെന്നും എം ടി രമേശ് ആരോപിച്ചു.
കേന്ദ്രത്തിൻറെ പണം വാങ്ങിയാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം 580 കോടി നൽകി. മൊത്തം 800 കോടിയാണ് കേന്ദ്രം നൽകിയിട്ടുള്ളത്. ഇതിൽ 70% വയനാടിന് ചെലവിടുമെന്ന് വ്യക്തമാക്കിയതാണ്. പുനരധിവാസത്തിനായി 2 എസ്റ്റേറുകൾ ഏറ്റെടുക്കണം. അത് പോലും പൂർത്തിയായിട്ടില്ലെന്നും എം ടി രമേശ് മാധ്യമങ്ങളോട് സംസാരിക്കവെ വിമർശിച്ചു.
Content Highlights- MT Ramesh on the Empuraan controversy