
പത്തനംതിട്ട: സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതായി പരാതി. മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഏരിയാ വൈസ് പ്രസിഡന്റിനെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് പരാതി. ഏരിയ വൈസ് പ്രസിഡന്റ് രമ്യാ ബാലന്‍ തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിക്ക് പരാതി നല്‍കി. സിപിഐഎം നിരണം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് രമ്യാ ബാലന്‍.
മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്. സിപിഐഎം തിരുവല്ല ടൗണ്‍ സൗത്ത് എല്‍സി അംഗമാണ് ഹൈമ എസ് പിള്ള. കഴിഞ്ഞ 20ന് സിപിഐഎം എരിയാ കമ്മിറ്റി ഓഫീസില്‍ കൂടിയ മഹിളാ അസോസിയേഷന്‍ ഫ്രാക്ഷന്‍ യോഗത്തിന് ശേഷം ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
സിപിഐഎം ഏരിയാ കമ്മിറ്റി യോഗം ഇന്ന് പത്തരയ്ക്ക് ചേരുന്നുണ്ട്. വിഷയത്തില്‍ നേതാക്കള്‍ മറുപടി പറയട്ടേയെന്നാണ് രമ്യാ ബാലന്റെ നിലപാട്.
സംഘടനാപരമായ വിഷയമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തനിക്ക് തന്റെ പ്രസ്ഥാനത്തെ വിശ്വാസമുണ്ടെന്നും രമ്യാ ബാലന്‍ പറഞ്ഞു. പ്രസ്ഥാനം തന്നെ തള്ളിക്കളയില്ല. ജാതിപരമായ അധിക്ഷേപം നടത്തിയവരെ പ്രസ്ഥാനം വെച്ചുകൊണ്ട് മുന്നോട്ടുപോകില്ല എന്നാണ് തന്റെ വിശ്വാസമെന്നും രമ്യ പറഞ്ഞു.
Content Highlights: Caste abuse Vice President files complaint against CPIM Mahila Association area president