സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് വിധി

വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു റിവിഷന്‍ ഹര്‍ജികളിലെ ആവശ്യം

dot image

കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ രണ്ട് ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പൊതുപ്രവര്‍ത്തകനായിരുന്ന കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനും നല്‍കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് വിധി പറയുക. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് രണ്ട് ഹര്‍ജികളിലും വിധി പറയുന്നത്.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജി ഗിരീഷ് ബാബുവിന്റെ റിവിഷന്‍ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി.

സമാന ആവശ്യം ഉന്നയിച്ച് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും തള്ളി. ഇതിന് പിന്നാലെയാണ് ഇരുവരും റിവിഷന്‍ ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകാനില്ലെന്നായിരുന്നു കുടുംബം ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പരാതിക്കാരന്‍ മരിച്ചാലും ഹര്‍ജി നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. തുടര്‍ന്ന് അമികസ് ക്യൂറിയെ നിയോഗിച്ചാണ് ഹൈക്കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയത്. എക്‌സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. സിഎംആര്‍എലുമായുള്ള സാമ്പത്തിക ഇടപാട് അഴിമതിയുടെ പരിധിയില്‍ വരും. ഇതിന്മേല്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു റിവിഷന്‍ ഹര്‍ജികളിലെ ആവശ്യം.

Content Highlights : High Court verdict today on petitions seeking vigilance probe into CMRL-Exalogic deal

dot image
To advertise here,contact us
dot image