
പാലക്കാട്: പാലക്കാട് ഡിപ്പോയിലെ പെട്രോൾ പമ്പ് പണി ഉടൻ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പമ്പ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് നൽകാൻ നടപടിയായി. പമ്പിനുള്ളിലെ ശുചിമുറി മാറ്റി സ്ഥാപിക്കാനുള്ള ഡിസൈൻ നൽകിയെന്നും ഗതാഗതമന്ത്രി അറിയിച്ചു. നവീകരണത്തിന്‍റെ ഭാഗമായി പൊളിച്ചിട്ട ഡിപ്പോയിലെ പമ്പ് രണ്ടരവർഷമായിട്ടും പുനർനിർമിച്ചിട്ടില്ലെന്ന റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
സ്വന്തമായി പമ്പ് വരുന്നതോടെ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ എല്ലാ ബസുകൾക്കും ഇനി ഡീസൽ ലഭിക്കും. ഇത് കെഎസ്ആടിസിക്ക് വലിയ ലാഭം ഉണ്ടാക്കുമെന്നും വിലയിരുത്തുന്നുണ്ട്. കെഎസ്ആർടിസി ഡിപ്പോയിൽ പെട്രോൾ പമ്പ് പ്രവർത്തിക്കാത്തതിനാൽ കോർപ്പറേഷന് കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കെഎസ്ആർടിസിയുടെ സ്വന്തം പമ്പിൽ നിന്നും ഡീസൽ അടിക്കുമ്പോൾ വിപണി വിലയിൽ നിന്നും ലിറ്ററിന് നാല് രൂപ കുറച്ചാണ് ലഭിക്കുന്നത്. എന്നാൽ സ്വകാര്യ പമ്പിൽ നിന്നും ഡീസൽ അടിക്കുമ്പോൾ പാലക്കാട് ഡിപ്പോയിലെ ബസുകൾക്ക് വിപണി വിലയിൽ നിന്നും ഒരു രൂപമാത്രമാണ് ഇളവ് ലഭിക്കുന്നത്. ഇത് പ്രകാരം ഒരു ലിറ്റർ ഡീസൽ അടിക്കുമ്പോൾ കെഎസ്ആർടിസിക്ക് നഷ്ടം മൂന്ന് രൂപയോളമാണ്. ഇത് പ്രകാരം പ്രതിദിനം 10,000 രൂപ മുതൽ 14,000 രൂപ വരെയാണ് നഷ്ടം.
അതേസമയം മിന്നൽ ബസുകൾ സ്വകാര്യ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കണമെന്ന നിർദേശം നൽകിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ചിലവ് കുറയ്ക്കുന്നതിൽ ചില ഉദ്യോഗസ്ഥർക്ക് താല്പര്യമില്ലെന്നും അതുകൊണ്ടാണ് ഇത്തരം മണ്ടൻ നിർദ്ദേശങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. എല്ലാ കാര്യങ്ങൾക്കും മന്ത്രിയെയും സിഎംഡിയെയും വിളിക്കണമെന്ന വാശി പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: KB Ganesh Kumar says construction of petrol pump at Palakkad depot will resume soon