
കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ പൊലീസുകാര്‍ക്ക് നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദ്ദനം. എസ്ഐയുടെ മൂക്കിടിച്ച് തകര്‍ത്തു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. നേപ്പാള്‍ സ്വദേശി ഗീതയെയും പുരുഷ സുഹൃത്തിനെയുമാണ് പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തത്.
അയ്യമ്പുഴയുടെ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ എസ് ഐയും ഡ്രൈവറും അടങ്ങുന്ന സംഘം ജീപ്പില്‍ അയ്യമ്പുഴയിലേക്ക് എത്തുകയായിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായി റോഡരികില്‍ ബൈക്ക് നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശിനിയും ആണ്‍സുഹൃത്തുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് ഇവരോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു.
എന്നാല്‍ ഇതില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ യുവതി പൊലീസിന് നേരെ തിരിഞ്ഞു. എസ്‌ഐയുടെ മൂക്കിനിടിക്കുകയും മറ്റു പൊലീസുകാരെ കടിക്കുകയും മാന്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
Content Highlights: Nepal Women attacked by police at ayyampuzha ernakulam