
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ. മൂന്നുമാസത്തിനുള്ളിൽ പ്രശ്‌നപരിഹാരമെന്ന ധനമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. പരിഹാരമുണ്ടായില്ലെങ്കിൽ 91-ാം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് അങ്കണവാടി ജീവനക്കാർ വ്യക്തമാക്കി. മിനിമം വേതനം 21,000 രൂപയാക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ 13 ദിവസമായി ഇവർ സമരം നടത്തിവന്നത്.
കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലുമായി സമരക്കാർ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ മിനുട്സ് ഇന്നലെ സമരസമിതിക്ക് കൈമാറി. മൂന്ന് മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്നും സമര സമിതി അറിയിച്ചു.
Content Highlights: anganwadi employees end their strike