
കോഴിക്കോട്: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ എല്ലാവരും കാണണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സിനിമയെ സിനിമയായി കാണണമെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ നിലപാടാണ് പാര്‍ട്ടി നയം. അദ്ദേഹത്തിന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും അംഗീകരിച്ചതാണ്. ചിത്രം കാണുന്നവര്‍ വീടുകളില്‍ ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷത്തിലൂടെയാണ് മോഹന്‍ലാല്‍ ഉയര്‍ന്നുവന്നത്. അതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ഉയര്‍ന്നുവരുമെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എമ്പുരാന്‍ താന്‍ കണ്ടിട്ടില്ലെന്നും കാണാന്‍ ശ്രമിക്കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. നല്ലതുമാത്രം പടച്ചുവിട്ടാല്‍ ആരും സിനിമ കാണില്ല. എതിര്‍ക്കപ്പെടുന്ന ഭാഗങ്ങളും വേണം. നെഗറ്റീവില്‍ നിന്ന് തുടങ്ങിയാലേ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ. ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടിയുള്ള തുടക്കമാണിത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയരത്തില്‍ എത്തും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. സാധാരണ ഗതിയില്‍ ബിജെപി എല്ലാ വീടുകളിലും ചര്‍ച്ചയാകാറില്ല. ചിത്രം കാണുന്നവര്‍ എല്ലാവരും ചര്‍ച്ച ചെയ്യണം. ബിജെപി കുതിച്ചുയരും. അതിനുള്ള പാതയായിരിക്കും എമ്പുരാനെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് രണ്ടായിരത്തിന്റെ ആദ്യ വര്‍ങ്ങളില്‍ എന്തായിരുന്നു പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലും മോദിയും ബിജെപിയും ഈ ഉയരങ്ങളില്‍ എത്തുമായിരുന്നോയെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു. എല്ലാ വീടുകളിലും എമ്പുരാന്‍ ചര്‍ച്ചയാകണം. ബിജെപി ഭാരവാഹികള്‍ സിനിമയെ വിമര്‍ശിക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Content highlights- Central minister george kurian about movie empuraan