
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും എമ്പുരാൻ സിനിമ കാണാനെത്തി. തിരുവനന്തപുരം ലുലുമാളിലെ പിവിആർ തിയേറ്ററിൽ ഇന്ന് രാത്രി 7.15-ന്റെ സിനിമാപ്രദർശനത്തിനാണ് എത്തിയത്.
അതേ സമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ് എമ്പുരാൻ. സമ്മിശ്ര പ്രതികരണം നേടുന്ന സിനിമ ഇതിനകം തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. എന്നാൽ രണ്ടാം ദിനമായ ഇന്നലെ ചിത്രത്തിന്റെ മലയാളം ഒഴികെയുള്ള മറ്റു വേർഷനുകളുടെ കളക്ഷനിൽ ഇടിവ് ഉണ്ടായിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം രണ്ടാം ദിവസം എമ്പുരാന് 45.35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 11.75 കോടിയാണ് രണ്ടാം ദിവസം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. ഇതിൽ 10.75 കോടി കേരളത്തിൽ നിന്നാണ് സ്വന്തമാക്കിയത്. അതേസമയം, സിനിമയുടെ തെലുങ്ക് വേർഷൻ 27 ലക്ഷവും തമിഴ് പതിപ്പ് 30 ലക്ഷവും ഹിന്ദി വേർഷൻ 40 ലക്ഷവുമാണ് നേടിയത്. എന്നാൽ കന്നഡ പതിപ്പിന് വെറും മൂന്ന് ലക്ഷം മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ഓവർസീസ് മാർക്കറ്റിലുൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ല. സിനിമ വളരെ വേഗം 200 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
content highlights : Chief Minister Pinarayi Vijayan along with his family arrived to see Empuran